ഹാന്റ് സാനിറ്റെസറിന്റെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഷൈലജക്ക് നിവേദനം നല്‍കി

പൊതുപ്രവര്‍ത്തകനും മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ ഷാന്റി ജോസഫ് തട്ടകത്താണ് വി ആര്‍ സുനികുമാര്‍ എംഎല്‍എ വഴി നിവേദനം നല്‍കിയത്.

Update: 2020-07-04 12:06 GMT

മാള: കൊവിഡ് 19ന്റെ പടരുന്ന സാഹചര്യത്തില്‍ ഹാന്റ് സാനിറ്റെസറിന്റെ വില നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഷൈലജക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനും മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ ഷാന്റി ജോസഫ് തട്ടകത്താണ് വി ആര്‍ സുനികുമാര്‍ എംഎല്‍എ വഴി നിവേദനം നല്‍കിയത്.

കൈ കഴുകാന്‍ സാധ്യമാവാത്ത അവസരങ്ങളില്‍ പ്രധാനമായും ഹാന്റ് സാനിറ്റൈസറെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ന് വിപണിയില്‍ 100 മില്ലിലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് കുറഞ്ഞ വില 50 രൂപയാണ്.

വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ലിറ്ററിന് 125 രൂപ മതിയെന്നിരിക്കെയാണ് ഈ പകല്‍കൊള്ള.സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡ്രഗ്‌സ് ആന്റ് ഫാമസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) അര ലിറ്റര്‍ 125 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. അതായത് 100 മില്ലിലിറ്ററിന് 25 രൂപയാണ് വിലവരുന്നത്.

എന്നാല്‍ മറ്റു സ്വകാര്യ കമ്പനികള്‍ ഇരട്ടി വില ഈടാക്കുമ്പോള്‍ സാധാരണക്കാര്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ മടി കാണിക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്റ്റ് പ്രകാരം ഹാന്റ് സാനിറ്റെസറുകള്‍ മരുന്നുകടകളില്‍ മാത്രം വില്‍പ്പന നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത് മൂലം മരുന്നു വില്‍പ്പന കടകളുടെ കുത്തക വ്യാപാരമായി മാറുന്നു.

ഇതു മൂലം ഹാന്റ് സാനിറ്റൈസര്‍ സാധാരണക്കാര്‍ക്ക് ആവശ്യാനുസരണം ലഭ്യമാകാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഹാന്റ് സാനിറ്റൈസര്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തി എല്ലാ കടകളിലും വില്‍പ്പന നടത്തുവാന്‍ നിയമ നിര്‍മാണം നടത്തണമെന്നും നിയമാനുസൃതമല്ലാത്ത ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കണമെന്നും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: