ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക; ട്രംപിന് മറുപടി നല്‍കി ഇന്ത്യ
എണ്ണ, വാതക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടരുമെന്നും റഷ്യ വ്യക്തമാക്കി
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തില്‍ പ്രതികരണവുമായി ഇന്ത്യ. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു.
'ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊര്‍ജ്ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇന്ത്യയുടെ നയത്തിന് അനുസരിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും എണ്ണ, വാതക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടരുമെന്നും റഷ്യ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഉടന്‍ നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞത്. 'റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം (പ്രധാനമന്ത്രി മോദി) എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഉടനടി സംഭവിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം. ഇതൊരു പ്രക്രിയയാണ്, പക്ഷേ ഈ പ്രക്രിയയും ഉടന്‍ പൂര്‍ത്തിയാകും.' ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍, റഷ്യയും ഉക്രെയ്നും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കാന്‍ തനിക്ക് എളുപ്പമാകുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്ക് റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
