അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തിലെ സുപ്രിംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭിന്നശേഷി അദ്ധ്യാപക സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ സുപ്രിം കോടതി ഉത്തരവ് മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാനുള്ള നിര്‍ണായക തീരുമാനമാണ് സംസ്ഥാന സര്‍ക്കാരെടുത്തത്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടിനെതിരെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുനയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്‍എസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സുപ്രിംകോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.