ക്ഷേമ പെന്‍ഷന്‍; രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍

Update: 2025-08-22 09:47 GMT

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ അനുവദിച്ചു. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ഓണത്തിനു മുൻപ് പെൻഷൻ കുടിശ്ശിക തീർക്കുന്നതിനായി, ആഗസ്റ്റ് മാസത്തിലെ പെൻഷനൊപ്പം ഒരു അധിക ഗഡുവും സർക്കാർ അനുവദിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെൻഷൻ കുടിശ്ശികകളും തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായത്.

8.46 ലക്ഷം ഗുണഭോക്താക്കൾ ഉൾപ്പെട്ടിരിക്കുന്ന ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ ആവശ്യമായ 48.42 കോടി രൂപ സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനത്തിലൂടെയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തേണ്ടത്. ഓണ ചെലവുകൾക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെൻഷൻ വിതരണം.

Tags: