'ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ല'; കൊവിഡ് വ്യാപനത്തോട് നിസ്സംഗരായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ഫോട്ടോ

Update: 2021-05-13 17:49 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തെ ചുടലപ്പറമ്പായി മാറ്റുമ്പോള്‍ നിശ്ശബ്ദമായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ 'മിസ്സിങ്' എന്ന് ചുവന്ന വലിയ അക്ഷരങ്ങളില്‍ എഴുതിയതിനുശേഷം 'പേര്: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ' എന്നും 'പ്രായം: 7 വയസ്സ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ സമയത്ത് എല്ലാ പ്രതിസന്ധികളിലേക്കും രാജ്യത്തെ വലിച്ചെറിഞ്ഞ് പ്രത്യേകിച്ചൊന്നും ചെല്ലാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ലേഖനങ്ങളാണ് ഔട്ട്‌ലുക്കില്‍ കവര്‍ സ്‌റ്റോറിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങളും പുതിയ ലക്കത്തിലുണ്ട്.

കൊവിഡ് ആദ്യ പ്രസരണ സമയത്ത് രാജ്യമാസകലം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ രണ്ടാം വ്യാപന സമയത്ത് എല്ലാ പ്രതിസന്ധികളും സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവച്ചിരിക്കുകയാണ്. ആദ്യ വ്യാപന സമയത്ത് ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

രണ്ടാം ഘട്ട വ്യാപന സമയത്ത് കൊവിഡ് വാക്‌സിന്‍ രാജ്യത്തുതന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു മാത്രമല്ല, പണം കൊടുത്തുവാങ്ങേണ്ട ഒന്നാക്കി മാറ്റുകയും ചെയ്തു.

രണ്ടാം വ്യാപന സമയത്തെ മറ്റൊരു പ്രധാനപ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമാണ്. നിരവധി പേരാണ് ഇക്കാരണം കൊണ്ടുമാത്രം മരിച്ചപോയത്. പ്രശ്‌നം തീര്‍ക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

Tags:    

Similar News