വിദ്യാര്‍ഥികളുടെ വിദേശപഠനം കുറയ്ക്കാന്‍ കേരളത്തില്‍ ആഗോള സ്‌കൂള്‍; ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് ആഗോള നിലവാരമുള്ള സ്‌കൂള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നൂതന സാങ്കേതികവിദ്യകള്‍ക്കും ഭാവികാല തൊഴില്‍ സാധ്യതകള്‍ക്കും മുന്‍ഗണന നല്‍കുന്ന ടെക്‌നോ-ഇക്കണോമിക്‌സും ഫ്യൂച്ചര്‍ ടെക്‌നോളജിയും അധിഷ്ഠിതമായ പഠനരീതികളുമായിരിക്കും സ്‌കൂളിന്റെ പ്രത്യേകത. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു കോടി രൂപയാണ് നീക്കിവച്ചത്.
കേരളത്തിലെ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്‍പരമായ പഠനങ്ങള്‍ക്കുമായി പ്രതിവര്‍ഷം ഏകദേശം 8,000 കോടി രൂപയിലധികം സംസ്ഥാനത്തിനു പുറത്തേക്ക് ചെലവാകുന്നുവെന്ന കണക്കിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. സംസ്ഥാനത്തിനുള്ളില്‍ തന്നെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനും നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കുന്നതിനുമായി 851.46 കോടി രൂപ വകയിരുത്തി. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67.95 കോടി രൂപയുടെ വര്‍ധനവാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 259.09 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.
സര്‍ക്കാര്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി പൊതു ഹോസ്റ്റല്‍ സംവിധാനം ആരംഭിക്കാനും തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, കോവിക്കോട് ജില്ലകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി 11 കോടി രൂപയാണ് ആദ്യഘട്ടമായി മാറ്റിവച്ചത്.
അതേസമയം, വര്‍ക്ക് നിയര്‍ ഹോം പദ്ധതി അടുത്ത വര്‍ഷം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറുള്ള കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. പദ്ധതിക്കായി 150 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കൊല്ലം, വര്‍ക്കല, രാമനാട്ടുകര എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ്.
