പീഡനം സ്വപ്‌നമായിരുന്നെന്ന് പെണ്‍കുട്ടി; വ്യോമസേന ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു
കാണ്‍പൂര്‍: ഭാര്യസഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു. പീഡനം നടന്നതായി നല്‍കിയ പരാതി വെറും സ്വപ്നത്തെ അടിസ്ഥാനമാക്കിയുള്ള തെറ്റിദ്ധാരണയാണെന്ന് പരാതിക്കാരി പിന്നീട് മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.
2019 ഓഗസ്റ്റ് മൂന്നിനാണ് വ്യോമസേന ഉദ്യോഗസ്ഥന്‍ അനുരാഗ് ശുക്ലയ്‌ക്കെതിരേ 15കാരി പരാതി നല്‍കിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ അനുരാഗ് ശുക്ല പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. മാര്‍ച്ചില്‍ സഹോദരിയുടെ വീട്ടില്‍ കഴിയുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ നല്‍കിയ മൊഴിയില്‍, അന്നത്തെ സമയം ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്നും അനുരാഗ് ശുക്ല പീഡിപ്പിച്ചെന്ന സ്വപ്നം കണ്ടതിനെ തുടര്‍ന്ന് ഭയന്ന് നിലവിളിച്ചതാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
കേസിനെ തുടര്‍ന്ന് 2019ല്‍ അറസ്റ്റിലായ അനുരാഗ് ശുക്ല 19 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. ലൈംഗികാതിക്രമവും പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടിയുടെ മൊഴി പരിഗണിച്ചാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.