അനുച്ഛേദം 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി വഷളായതായി ഗുലാം നബി ആസാദ്

Update: 2021-10-25 06:09 GMT

ശ്രീനഗര്‍: അനുച്ഛേദം 370 പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രത്തോളം മോശമായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. അര്‍ധ സ്വയംഭരണ പദവിയുള്ള കേന്ദ്ര ഭരണപ്രദേശമായ ശേഷം എല്ലം രംഗത്തും സംസ്ഥാനം പിന്നിലേക്ക് പോയതായും അദ്ദേഹം പറഞ്ഞു. ആഗസ്ത് 2019നാണ് കേന്ദ്ര സര്‍ക്കാര്‍ അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനം രണ്ട് പ്രദേശങ്ങളായി വിഭജിച്ചത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ സംസ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് ഗുലാനം നബി ആസാദിന്റെ പ്രതികരണം. അനുച്ഛേദം 370 വിവേചനപരമാണെന്നും അത് റദ്ദാക്കിയതോടെ ജമ്മു കശ്മീര്‍ പുതിയ യുഗത്തിലേക്ക് കടന്നതായും അമിത് ഷാ പറഞ്ഞിരുന്നു.

''അനുച്ഛേദം 370 റദ്ദാക്കിയ ശേഷം സര്‍ക്കാര്‍ പറഞ്ഞിരുന്നത് ജമ്മു കശ്മീരില്‍ വികസനമുണ്ടാവും ആശുപത്രികളുണ്ടാവും തൊഴിലില്ലായ്മ കുറയും എന്നായിരുന്നു. പക്ഷേ, അതൊന്നും സംഭവിച്ചില്ല. മറ്റ് മുഖ്യമന്ത്രിമാര്‍ ഭരിച്ചിരുന്ന സമയത്ത് ഈ രംഗങ്ങള്‍ ഇതിനേക്കാള്‍ മികച്ചതായിരുന്നു''- ആസാദ് പറഞ്ഞു. സംസ്ഥാനപദവി റദ്ദാക്കിയതോടെ വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ചില മുഖം മിനുക്കള്‍ പരിപാടികള്‍ മാത്രമാണ് നടന്നതെന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചിരുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ച് നല്‍കി തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വേണ്ടിയിരുന്നു അമിത് ഷായുടെ സന്ദര്‍ശനമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ മുഖ്യമന്ത്രിമാരുടെയും ഒരു യോഗം പ്രധാനമന്ത്രി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. സംസ്ഥാന പദവി തിരിച്ചുനല്‍കി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ആ യോഗത്തിന് പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.

മണ്ഡല അതിര്‍ത്തി നിര്‍ണയത്തിനു ശേഷം തിരഞ്ഞെടുപ്പെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. അമിത് ഷായും അത് ആവര്‍ത്തിച്ചു.

Tags: