എച്ച് 1ബി വിസ കുരുക്കില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ജര്‍മ്മനി; കുടിയേറ്റ നയം പ്രഖ്യാപിച്ച് അംബാസഡര്‍

Update: 2025-09-25 06:46 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ എച്ച് 1ബി വിസ പരിഷ്‌കരണത്തിന് പിന്നാലെ ഇന്ത്യക്കാരായ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ജര്‍മ്മനി. ''സ്ഥിരതയാര്‍ന്ന കുടിയേറ്റ നയമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഒരു ജര്‍മ്മന്‍ കാറിനെപ്പോലെ, വഴിമാറാതെ നേര്‍രേഖയില്‍ പോകുന്ന രീതിയിലാണ് നമ്മുടെ നിയമങ്ങള്‍,'' എന്നാണ് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയത്.

ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക്നോളജി മേഖലകളില്‍ വിദേശികള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന രാജ്യമായി ജര്‍മ്മനി വേറിട്ടുനില്‍ക്കുന്നതായും ഇന്ത്യക്കാരുടെ സംഭാവനകള്‍ അവരുടെ സമൂഹത്തിനും ക്ഷേമത്തിനും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് ട്രംപ് ഭരണകൂടം എച്ച് 1ബി വിസ അപേക്ഷാഫീസ് 100,000 ഡോളര്‍ വരെ ഉയര്‍ത്തിയതാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. മികച്ച കരിയറും ഉയര്‍ന്ന ജീവിത നിലവാരവും ലക്ഷ്യമിട്ടാണ് നിരവധി പേര്‍ അമേരിക്കയില്‍ എത്തുന്നത്. പക്ഷേ, വിസ കുരുക്കുകള്‍ക്ക് നടുവില്‍ ജര്‍മ്മനി ഒരു സ്ഥിരതയുള്ള വഴികാട്ടിയായി മാറുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



Tags: