വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികില്‍സാപദ്ധതി ഉടന്‍ തുടങ്ങിയേക്കും

Update: 2020-07-01 15:39 GMT

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ  ചികില്‍സ നല്‍കാന്‍ കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്തുതന്നെ അപകടത്തില്‍ പെടുന്നവര്‍ക്ക് ചികില്‍സ നല്‍കുകയാണ് ഉദ്ദേശ്യം. 2019 ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു പദ്ധതിയുടെ സൂചന നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗതത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കത്തയച്ചു. ഈ മാസം 10നു മുമ്പ് പദ്ധതി സംബന്ധിച്ച കാഴ്ചപ്പാട് അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന അപകടനിധി സ്വരൂപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 21,000 ലധികം ആശുപത്രികളുമായി രാജ്യത്താകമാനം വേരുകളുള്ള ദേശീയ ആരോഗ്യ അതോറിട്ടിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.

റോഡ് ഉപയോഗിക്കുന്ന രാജ്യത്തെ എല്ലാവരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടു വരാനും ആലോചിക്കുന്നു. അപകടത്തില്‍പ്പെടുന്നവരുടെ ചികില്‍സയ്ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനും അപകടനിധി ഉപയോഗിക്കും. പണമടയ്ക്കാനുള്ള ശേഷി നോക്കാതെ തന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് കൃത്യസമയത്ത് മെച്ചപ്പെട്ട ചികില്‍സ നല്‍കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

Tags:    

Similar News