14കാരിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് നാലു വര്‍ഷം കഠിനതടവും പിഴയും

Update: 2025-11-26 09:37 GMT

നിലമ്പൂര്‍: 14കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. മൂത്തേടം കാരപ്പുറം സ്വദേശിയായ പുതുവായ് വിനോദ്(34)നെതിരേയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷ പുറപ്പെടുവിച്ചത്. പിഴയടച്ചാല്‍ തുക പീഡിതയ്ക്ക് നല്‍കണമെന്നും, പിഴഅടയ്ക്കാതിരുന്നാല്‍ രണ്ടു മാസം രണ്ടു ആഴ്ച കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2024 ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. പോത്തുകല്ല് പോലിസ് സ്‌റ്റേഷനിലെ എസ് ഐ കെ സോമനാണ് തുടരന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി വാദം മുന്നോട്ടുവച്ചു. വിസ്താരത്തില്‍ 17 സാക്ഷികളും 13 രേഖകളും ഹാജരാക്കപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പ്രോസിക്യൂഷന്‍ ഭാഗത്ത് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി സി ഷീബയും സഹകരിച്ചു. ശിക്ഷാനിര്‍ണയത്തിന് പിന്നാലെ പ്രതിയെ തവനൂര്‍ ജയിലിലേക്കു മാറ്റി.

Tags: