ഒരാഴ്ച്ചക്കിടെ നാല് കൊലപാതകങ്ങള്‍; ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരെയുള്ള വംശഹത്യ പദ്ധതികള്‍ ശക്തമായി തുടരുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2026-03-10 12:53 GMT

കോഴിക്കോട്: ഒരാഴ്ച്ചക്കിടെ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലായി ഹിന്ദുത്വ ആള്‍ക്കൂട്ടത്താല്‍ നാല് പേര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരെയുള്ള സ്ഥാപനവത്കൃത വംശഹത്യ പദ്ധതികള്‍ കൂടുതല്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പറഞ്ഞു. 13 വയസ്സുകാരനായ ബാലന്‍ മുതല്‍ 65 വയസ് പൂര്‍ത്തിയാക്കിയ വൃദ്ധന്‍ വരെ വംശീയമായി കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഉനൈസ് ഖാന്‍, റോഷന്‍ ഖാത്തൂന്‍, അബ്ദുല്‍ സലാം, ആമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടുകള്‍ മുസ് ലിം ശരീരങ്ങളോടുള്ള വംശീയ നോട്ടങ്ങളാല്‍ എത്രത്തോളം ഹിംസാത്മകമാണ് എന്നത് നാള്‍ക്കുനാള്‍ വസ്തുതകളായി ആവര്‍ത്തിക്കുന്നതിന്റെ അടയാളങ്ങള്‍ കൂടിയാണ് ഈ കൊലപാതകങ്ങളെന്നും നഈം ഗഫൂര്‍ പറഞ്ഞു.

ഭരണകൂട പിന്‍ബലത്തോടെ ഹിന്ദുത്വയുടെ ശാക്തീകരണത്തിനുവേണ്ടി മുസ് ലിം ജനവിഭാഗത്തെ വെറുപ്പുല്‍പാദനത്തിലൂടെ അപരരായി പ്രതിഷ്ഠിച്ചെടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. തെരുവുകള്‍ കൈയ്യേറി സംഘടിതമായി ചേര്‍ന്ന് മുസ് ലിംങ്ങളെ കൊന്നുകളയാനുള്ള സന്ദേശങ്ങള്‍ ആര്‍എസ്എസ് സമൂഹത്തില്‍ നിരന്തരമായി ഉല്‍പാദിപ്പിക്കുന്നു.

ഭീകരമായ ഹിംസകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ ആര്‍എസ്എസിന്റെ വംശഹത്യ പദ്ധതികള്‍ സാമാന്യവത്ക്കരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പൗരസമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. ഹിന്ദുത്വ ദേശീയതയുടെ പ്രകടമായ വംശീയാതിക്രമങ്ങള്‍ക്കെതിരായി ജനകീയമായ സാമൂഹിക പ്രതിരോധങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: