കൊണ്ടോട്ടി : ചെറു കാവിനടുത്ത കണ്ണംവെട്ടിക്കാവിന് സമീപം വള്ളിക്കാട് അമ്പലക്കണ്ടിയില്‍നിന്ന് 153 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായി. ഞായറാഴ്ച വൈകീട്ട് ആറരയോടെ നടത്തിയ പോലിസിന്റെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളവട്ടൂര്‍ അരൂര്‍ എട്ടൊന്നില്‍ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി തടിയന്‍ നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി കുട്ടാപ്പി ഷാക്കിര്‍ (32), ഐക്കരപ്പടി ഇല്ലത്തുപടി ബാര്‍ലിമ്മല്‍ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് പിടിയിലായത്.
മലയില്‍വച്ച് ചെറുപായ്ക്കറ്റുകളിലാക്കി എംഡിഎംഎ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പോലിസ് ഇവരെ വളഞ്ഞത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലിസ് പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്ന് 50,000 രൂപയും ഇലക്ട്രോണിക് ത്രാസുകളും പോലിസ് പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന കൊണ്ടോട്ടി ആര്‍ടിഒ രജിസ്ട്രേഷനിലുള്ള രണ്ടു കാറുകളും പോലിസിന്റെ കസ്റ്റഡിയിലാണ്.
പ്രതികളില്‍ ഷഫീഖ് മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. രാസലഹരി കേസില്‍ ഭാര്യയോടൊപ്പം അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതും വയനാട്ടില്‍ മൂന്നരക്കോടി തട്ടിയ കേസിലും, പരപ്പനങ്ങാടി ലഹരിക്കടത്ത് കേസിലും, കൊണ്ടോട്ടി കളവുകേസിലും ഇയാള്‍ പ്രതിയാണ്. നൗഷാദ് വയനാട്ടില്‍ എംഡിഎംഎ കേസില്‍ പിടിയിലായിരുന്നുവെന്നും പോലിസ് പറഞ്ഞു.