ഫോര്‍ട്ട് പോലിസ് ആളുമാറി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കി വിട്ടയച്ചു

Update: 2022-03-17 06:26 GMT

തിരുവനന്തപുരം: തിരുവല്ലത്തെ കസ്റ്റഡിമരണ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അമ്പലത്തറ പഴഞ്ചിറ സ്വദേശി ആര്‍ കുമാറിനാണ് (40) മര്‍ദ്ദനമേറ്റത്. നട്ടെല്ലിന് പൊട്ടലും ദേഹമാസകലം ചതവുമുണ്ടായ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ 12ന് കൈമനം സ്വദേശി പദ്മനാഭന്റെ നാലുപവന്‍ മാല കവര്‍ച്ച ചെയ്ത സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കുമാര്‍ കസ്റ്റഡിയിലായത്. പദ്മനാഭനൊപ്പം ബാറില്‍ മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് മദ്യപാനത്തിനുശേഷം അതുവഴി വന്ന ഓട്ടോയില്‍ പദ്മനാഭനെ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചശേഷം മാല കവര്‍ന്നത്. പത്മനാഭന്റെ പരാതിയിലുള്ള ഓട്ടോ കുമാറിന്റേതാണെന്ന് സംശയിച്ചാണ് പോലിസ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിലെ ക്രൈംസ്‌ക്വാഡിന്റെ റൂമിലെത്തിച്ചശേഷം ഇടിക്കുകയും നിലത്തുവീണപ്പോള്‍ ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. ആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെന്ന് കുമാറിന്റെ ഭാര്യ പോലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഫോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ നേരത്തെ തന്നെ കസ്റ്റഡി മര്‍ദ്ദനത്തിന് പേര് കേട്ട സ്ഥലമാണ്. 

Tags:    

Similar News