മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Update: 2021-04-20 04:37 GMT

ന്യൂഡല്‍ഹി: പനി ബാധിച്ച് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. 88 വയസ്സായ നേതാവിന് എല്ലാതലത്തിലുള്ള ആരോഗ്യസുരക്ഷയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ച് മണിക്കാണ് മന്‍മോഹന്‍ സിങ്ങിനെ കടുത്ത പനി ബാധിച്ച നിലയില്‍ എയിംസില്‍ എത്തിച്ചത്. അവിടെ അദ്ദേഹത്തിന് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി. നേരത്തെത്തന്നെ അദ്ദേഹത്തിന് കൊവാസ്‌കിന്റെ രണ്ട് ഡോസ് നല്‍കിയിരുന്നെങ്കിലും സുരക്ഷയെക്കരുതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

''മന്‍മോഹന്‍ ജിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികില്‍സയും നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യവിമുക്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കുക''- ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തു.

45 വയസ്സിനു താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. കഴിയാവുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

18 വയസ്സായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News