രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരേ കേസെടുക്കണം: ചെന്നിത്തല

മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്.

Update: 2021-03-30 04:50 GMT
രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരേ കേസെടുക്കണം: ചെന്നിത്തല

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്.

വനിതാ കോളജിലെ ചടങ്ങുകളില്‍ ആയോധനകല പഠിപ്പിച്ചുതരാന്‍ പറയുന്ന കുട്ടികള്‍ക്ക് അതിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധി. നിര്‍ലോഭമായ സ്‌നേഹം അതുകൊണ്ടുതന്നെ ജനങ്ങള്‍ അദ്ദേഹത്തിന് നല്കുന്നു.

രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുന്‍ ഇടുക്കി എം.പിയുടെ പരാമര്‍ശങ്ങള്‍. രാഹുല്‍ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്ജ്.

ജോയ്‌സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശത്തെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടര്‍. വനിതാ കമ്മീഷന് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലേ

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവന്‍ സ്ത്രീകളെയും അപമാനിച്ച ജോയ്‌സ് ജോര്‍ജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Tags: