പാലക്കാട്: സിപിഎം മുന്‍ ഏരിയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആര്‍ രാമകൃഷ്ണനാണ് ബിജെപിയിലേക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സിപിഎം വിമതനായി മല്‍സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു. 42 വര്‍ഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവര്‍ത്തകനും രണ്ടു ടേമുകളിലായി ആറുവര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറി, 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും വി ആര്‍ രാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാലര വര്‍ഷം മുന്‍പ് രാമകൃഷ്ണനെ പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയില്‍ വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്ന ആളായിരുന്നു രാമകൃഷ്ണന്‍. ഏഴു വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍നിന്ന് അച്ചടക്ക നടപടി നേരിട്ടിരുന്നു. പിന്നാലെയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം വിമതനായി മല്‍സരിച്ചത്.