വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; പോലിസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്

Update: 2022-05-17 01:59 GMT
പാലക്കാട് : സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. വനത്തിനകത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക തെരച്ചിലാണ് നിര്‍ത്തുന്നത്. നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരാണ് നിബിഡ വനത്തില്‍ ദിവസേനേ പരിശോധന നടത്തുന്നത്. എഴുപതോളം കാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലന്റ് വാലി കാട്ടിനുള്ളില്‍ ഇനി തെരയുന്നതില്‍ കാര്യമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം.

തിരോധാനം അന്വേഷിക്കുന്ന അഗളി പോലിസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് പോലിസിന്റെയും തമിഴ്‌നാട് വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. അടുത്ത മാസം 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്. രാജനെ ഏതെങ്കിലും വന്യജീവി ആക്രമിച്ചോ, വനത്തിനുള്ളില്‍ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തില്‍ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്ന വിലയിരുത്തലാണ് വനംവകുപ്പിന്.

സൈലന്റ് വാലി സൈലന്ദ്രി വനത്തില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ രാജനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്ന് സഹോദരന്‍ സുരേഷ് ബാബു. അച്ഛന്‍ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. രാജനെ കാണാതായി ഒമ്പത് ദിവസം പിന്നിടുമ്പോഴും തിരോധാനത്തിലെ ദുരൂഹത നീങ്ങുന്നില്ല. 20 വര്‍ഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിനു മുന്‍പേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags:    

Similar News