അയല്‍വാസിയുടെ വെട്ടേറ്റ അഞ്ച് വയസ്സുകാരന്‍ മരിച്ചു

Update: 2022-11-19 03:12 GMT

കല്‍പ്പറ്റ: വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ കുട്ടി മരിച്ചു. പള്ളിക്കവല മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് (അഞ്ച് വയസ്) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ അയല്‍വാസി ജിതേഷി(45) നെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാരുമായുള്ള വ്യക്തി വിരോധത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആദിദേവിന്റെ മാതാവ് അനിലയ്ക്കും പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ജയപ്രകാശുമായുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയില്‍ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്.

നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മേപ്പാടി എസ്‌ഐ വി പി സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുത്തു. പ്രതിക്കെതിരേ നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.

Tags: