പാലക്കാട്ട് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്ന സംഭവം; ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ബിബിന്‍, മുരളി, പ്രസാദ്, അനന്തന്‍, അനു
വാളയാര്‍: വാളയാറില്‍ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍. അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചു പേരെ വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തു.
കിഴക്കേ അട്ടപ്പള്ളം അനന്തന്‍(55), ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിന്‍(30) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചവരാണ് അഞ്ചു പേരും.
ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാറി(31)നെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധന്‍ രാത്രിയോടെ മരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മര്‍ദനം. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുന്‍പായിരുന്നു വാളയാറില്‍ വന്നത്. കൂലിപ്പണിക്കാരനായിരുന്നു. മോഷ്ടാവാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇരുപതു പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. അതിഥി തൊഴിലാളിയെ തല്ലിയവരെല്ലാം കൊലക്കേസില്‍ പ്രതികളാകും.
