സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല; സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് വി ഡി സതീശന്‍

Update: 2022-05-15 16:59 GMT

കൊച്ചി: അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആറുവര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഈ അവസ്ഥയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല.

ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് എങ്ങനെയാണ് വരുത്തിവച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നിലവിലുള്ള സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. വരുമാനമില്ലാതെയും അനാവശ്യചെലവുകളിലൂടെയുമുണ്ടാക്കിയ പ്രതിസന്ധി ശ്രീലങ്കയില്‍ ഏതുഘട്ടം വരെ പോയിയെന്നത് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച് യുഡിഎഫ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. കിഫ്ബി വഴി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ പൊതുകടമായി വരും. 1,000 കോടി പോലും കടമെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് സംസ്ഥാനം പോവുന്നത്. ഈ അവസ്ഥയിലാണ് രണ്ടുലക്ഷം കോടി രൂപയുടെ കമ്മീഷന്‍ റെയിലിനെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News