പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍: പൗരന്മാരുടെ സ്മാര്‍ട്ട്‌ഫോണ്‍ ചോര്‍ത്തിയവര്‍ക്കെതിരേ എഫ്‌ഐആര്‍ ചുമത്താത്തതെന്തേ? കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരേ സിപിഎം

ഫോണ്‍ ചോര്‍ത്തല്‍ ഒരു കുറ്റകൃത്യമാണ്. ഇതിനെതിരേ ഐടി മന്ത്രാലയം എഫ്‌ഐആര്‍ ഇട്ട് കേസെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

Update: 2019-11-14 16:10 GMT

ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ് വെയര്‍ വഴി രാഷ്ട്രീപാര്‍ട്ടികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരേ കേസെടുക്കണമെന്ന് സിപിഎം മുഖപത്രം. ഇക്കാര്യത്തില്‍ ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെയും സിപിഎം ആഞ്ഞടിച്ചിട്ടുണ്ട്.

രവി ശങ്കര്‍ പ്രസാദ് ചോര്‍ച്ചയ്ക്ക് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയാണ്. അതൊരു കുട്ടികളുടെ കളിയാണ്. മുതിര്‍ന്നവര്‍ക്ക് ചേര്‍ന്നതല്ല, സിപിഎമ്മിന്റെ പ്യൂപ്പിള്‍സ് ഡെമോക്രസി ലേഖനം കുറ്റപ്പെടുത്തുന്നു.

നിലവില്‍ വാട്‌സ് ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്ക് മാത്രമാണ് വാട്‌സ് ആപ്പ് ചോര്‍ത്തിയതിനെതിരേ കോടതിയില്‍ പോയിട്ടുള്ളത്. യുഎസ് കോടതിയിലാണ് നിലവില്‍ ഇതുസംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ ഇതേ നിയമനടപടിയുമായി സര്‍ക്കാരും പോകേണ്ടിയിരുന്നെന്നാണ് സിപിഎം പറയുന്നത്.

ഇസ്രായേലി സോഫ്റ്റ്‌വെയറായ പെഗാസസ്, ടെലഫോണുകളും വാട്‌സ്ആപ്പുകളും ചേര്‍ത്തുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. പെഗാസസ് നിര്‍മിക്കുന്ന കമ്പനി പക്ഷേ, ഇത് സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കാറില്ല. സര്‍ക്കാരുകളുമായി മാത്രമാണ് ഇടപാടുകള്‍ നടത്തുന്നത്. ആ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ ഫോണുകള്‍ ആരാണ് ചോര്‍ത്തിയതെന്ന ചോദ്യം പ്രധാനമാവുന്നത്.

പെഗാസസ് ഉപയോഗിച്ച് 140 ഇന്ത്യക്കാരുടെ ഫോണുകള്‍ ചോര്‍ത്തിയ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഗോളതലത്തില്‍ 1400 പേരുടെ ഫോണുകളാണ് ഇങ്ങനെ ചോര്‍ത്തിയിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയത്തില്‍ കീഴില്‍ ആരും പെഗാസസ് വാങ്ങിയിട്ടില്ലെന്നാണ് ആര്‍ടിഐക്ക് മറുപടിയായി ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലല്ലാത്ത സിബിഐ പോലുളളവ അത് വാങ്ങിയിട്ടുണ്ടോ എന്ന് കേന്ദ്ര ഐ ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞതുമില്ല.

ഇന്ത്യന്‍ ഏജന്‍സികള്‍ ചോര്‍ത്തലില്‍ ഇടപെട്ടിട്ടില്ലെങ്കില്‍ അതൊരു കുറ്റകൃത്യമാണ്. ഇതിനെതിരേ ഐടി മന്ത്രാലയം എഫ്‌ഐആര്‍ ഇട്ട് കേസെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 

Tags:    

Similar News