'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക'- പ്രതിഷേധവുമായി എസ്ഡിപിഐ

Update: 2022-05-17 13:36 GMT

തിരൂരങ്ങാടി: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് പ്രതിഷേധ മാര്‍ച്ച് നടത്തി. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവിനെ എസ്ഡിപിഐ ശക്തമായി അപലപിച്ചു. രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരായ വിധിയാണ് ഇതെങ്കില്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

1947 ആഗസ്ത് 15ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991ന്റെ നഗ്‌നമായ ലംഘനമാണ് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ്. 1992ല്‍ ബാബരി മസ്ജിദിന്റെ താഴികക്കുടം തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇശാ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ വീട്ടില്‍ പോയ സമയത്ത് ഇരുളിന്റെ മറവില്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത്. അന്നും മലയാളിയായ കെ കെ നായര്‍ എന്ന ജഡ്ജി പറഞ്ഞത് വിഗ്രഹം നിലനിര്‍ത്തി പള്ളി പൂട്ടിയിടാനാണ്. അങ്ങനെ ഗ്യാന്‍വാപി മസ്ജിദിനെതിരേയും ഗൂഢാലോചന നടക്കുകയാണ്. ജനങ്ങളുടെ അവകാശത്തിനായി നിയമം നടപ്പാക്കേണ്ട കോടതി, ആര്‍എസ്എസ്സുകാര്‍ക്ക് മുന്നില്‍ കവാത്ത് പ്രസംഗം നടത്തുകയാണ് ചെയ്യുന്നത്. ആര്‍എസ്എസ്സിന് അനുകൂലമായി വിധി പുറപ്പെടുവിക്കുന്ന ഗതികെട്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ചങ്കിലെ ജീവന്‍ കൊടുത്തും സംരക്ഷിക്കും, 1992ല്‍ ബാബരി തകര്‍ക്കുമ്പോഴല്ല, ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ, സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കാന്‍ കെല്‍പ്പുള്ള ഇന്ത്യയാണിന്നുള്ളത്, ആര്‍എസ്എസ്സിന്റെ വ്യാമോഹം നടക്കാന്‍ പോവുന്നില്ലെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം സിക്രട്ടറി ഉസ്മാന്‍ ഹാജി, മണ്ഡലം നേതാക്കളായ സിറാജ് തിരൂരങ്ങാടി, ഇല്യാസ് ചിറമംഗലം, സൈതലവി കോയ, മുഹമ്മദലി, ഫൈസല്‍, സിദ്ധീഖ് പരപ്പനങ്ങാടി, റഫീഖ് ചുള്ളികുന്ന്, ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News