കിഫ്ബിയിലെ ഫെമ ലംഘനം; നോട്ടിസ് അയച്ചതില്‍ വിശദീകരണവുമായി ഇഡി

Update: 2025-12-01 11:06 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയച്ചതില്‍ വിശദീകരണവുമായി ഇഡി. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തല്‍ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയല്‍ ചെയ്തതെന്നും പറയുന്നു.

ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മാസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം. ഇതിന്റെ തുടര്‍നടപടികളുടെ ഭാ?ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയര്‍മാന്‍ എന്ന നിലയിലും നോട്ടീസ് നല്‍കിയതെന്നും ഇഡി വ്യക്തമാക്കി. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ടില്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ച 466.19 കോടി രൂപ ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.

അതേസമയം, കിഫ്ബി ഭൂമി വാങ്ങുകയല്ല ചെയ്തത്. അക്വയര്‍ ചെയ്യുകയാണ് ചെയ്തതെന്നും അത് അനുവദനീയവുമാണെന്നും തോമസ് ഐസക് പ്രതികരിച്ചു. ഭൂമി വാങ്ങലും ഭൂമി അക്വയര്‍ ചെയ്യലും രണ്ടും രണ്ടാണ്. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസര്‍വ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് കൃത്യമായ വിശദീകരണം നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു.

Tags: