തിരുവനന്തപുരം: കൈവിലങ്ങുമായി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതികളെ വയനാട്ടിലെ മേപ്പാടിയില്‍ വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ അയ്യൂബ് ഖാനും മകന്‍ സെയ്തലവിയുമാണ് പിടിയിലായത്. രണ്ടുദിവസം മുന്‍പാണ് ഇവര്‍ പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.
ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. ഇരുവരും പാലോട് പോലിസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ പോലിസ് വാഹനം നിര്‍ത്തിയതോടെ ഒരാളുടെ കൈവിലങ്ങ് ഊരിക്കൊണ്ട് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ കടന്നുകളഞ്ഞത് മലയോര പ്രദേശമായതിനാല്‍ വിവിധ സ്റ്റേഷനുകളിലെ പോലിസ് സംഘങ്ങള്‍ ചേര്‍ന്നും ഡ്രോണ്‍ ഉപയോഗിച്ചുമാണ് തിരച്ചില്‍ നടത്തിയത്.