കര്‍ഷക സമരം: ആരാണ് സുപ്രിംകോടതി പാനലിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്?; വിമര്‍ശനവുമായി കോണ്‍ഗ്രസ്

Update: 2021-01-12 19:23 GMT

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ സമിതിയെ നിയോഗിച്ച സുപ്രിംകോടതി നടപടിയോട് യോജിച്ച് കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സിങ് സര്‍ജേവാല. അതേസമയം സമിതിയിലെ അംഗങ്ങളെ ആരാണ് തിരഞ്ഞെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

സമരം സമവായത്തിലെത്തിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അനുരജ്ഞനത്തിനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ഒരു സമിതിയെ നിര്‍ദേശിച്ചത്. എന്നാല്‍ നാലംഗ സമിതിയിലെ മിക്കവാറും അംഗങ്ങള്‍ കാര്‍ഷിക നിയമത്തിന്റെ അനുകൂലികളാണെന്ന കാര്യവും രന്‍ദീപ് സര്‍ജേവാല ഓര്‍മിപ്പിച്ചു.

നാലംഗ സമിതിയിലെ അംഗങ്ങളുടെ പൂര്‍ണവിവരങ്ങളും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവച്ചു.

അശോക് ഗുലാത്തി, ഡോ. പി കെ ജോഷി, അനില്‍ ഖന്‍വാത്, ഭൂപീന്ദര്‍ സിങ് മാന്‍ തുടങ്ങിയവരാണ് നാലംഗ സമിതിയിലുള്ളത്.

സമരം തുടങ്ങിയതു മുതല്‍ കാര്‍ഷിക നിയമത്തിന് അനുകൂലമായി നില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന പാനല്‍ എങ്ങനെയാണ് നിഷ്പക്ഷമായി തീരുമാനമെടുക്കുകയെന്നും അദ്ദേഹം ഹൈക്കോടതിയോട് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമത്തിനെതിരേയാണ് രാജ്യത്തെ കര്‍ഷകര്‍ സമരം തുടങ്ങിയത്. പിന്നീട് സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. സമരം ദീര്‍ഘമായി നീണ്ടപ്പോഴാണ് സുപ്രിംകോടതി ഇടപെട്ടത്.

Tags:    

Similar News