കര്‍ഷക സമരം: ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ബുധനാഴ്ച

Update: 2021-02-10 02:55 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ മുഴുവന്‍ സംഘടനകളുടെയും നേതാക്കള്‍ ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. സമരം മൂന്നു മാസമായും തുടരുന്ന സാഹചര്യത്തില്‍ അടുത്ത നീക്കം എന്താണെന്നും യോഗം ചര്‍ച്ച ചെയ്യും.

പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം സര്‍ക്കാരുമായുള്ള നേരിട്ടുള്ള ചര്‍ച്ചമാത്രമാണെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. അതേസമയം ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും പ്രതിഷേധകേന്ദ്രങ്ങളില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങള്‍ നീക്കം ചെയ്തതും സംഘടനകള്‍ ഗൗരവമായാണ് കാണുന്നത്. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ച് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭം അവസാനിപ്പിച്ച് സംഭാഷണം പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രധാന വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്ന രീതി പതിവുപോലെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഇതുവരെ സമരസമിതിയുമായി സര്‍ക്കാര്‍ 11 വട്ടമാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ചകള്‍ അനുരജ്ഞനത്തിലെത്താതെ പിരിഞ്ഞു.

അതേസമയം, ജനുവരി 26ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന അക്രമത്തിലും നാശനഷ്ടത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് പഞ്ചാബി നടന്‍ ദീപ് സിദ്ധുവിനെ തിങ്കളാഴ്ച രാത്രി ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിമയത്തിനെതിരേയാണ് കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യം സംസ്ഥാനങ്ങളില്‍ ഒതുങ്ങിനിന്ന സമരം രണ്ട് മാസം മുമ്പാണ് ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചത്.

Tags: