കര്‍ഷക സമരം: ഡല്‍ഹിയില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ കേസ്

Update: 2021-02-03 16:51 GMT

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ കേസെടുത്തു. റിപബ്ലിക് ദിന സംഘര്‍ഷങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പോലിസിന്റെ ആരോപണം. ആകെ നാല് എഫ്‌ഐആറുകളിലായി നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ചില അക്കൗണ്ട് ഉടമകളോട് പോസ്റ്റ് പിന്‍വലിക്കാനും പോലിസ് നിര്‍ദേശിച്ചു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

സൈബര്‍ പ്രിവന്‍ഷന്‍ അവയര്‍നെസ് ഡിറ്റക്ഷന്‍ യൂണിറ്റ് 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏതാനും അക്കൗണ്ടുകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഏതാനും ചിലര്‍ക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നോട്ടിസ് അയച്ചിട്ടുണ്ട്. 200 പോലിസുകാര്‍ രാജിവച്ചുവെന്നാരോപിച്ച് പഴയ വീഡിയോ പോസ്റ്റ് ചെയ്ത രാജസ്ഥാനിലെ ചുരു എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഭരത്പൂരില്‍ കസ്റ്റഡിയിലുണ്ട്''- ഡല്‍ഹി പോലിസ് പിആര്‍ഒ ചിന്‍മോയ് ബിസ്വാല്‍ പറഞ്ഞു.

പഴയ ചിത്രങ്ങളും വീഡിയോകളും പുതിയതെന്ന മട്ടില്‍ പോസ്റ്റ് ചെയ്തതിനാണ് പലര്‍ക്കെതിരേയും കേസെടുത്തത്.  

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ മിക്കവാറും സംഘടനകള്‍ മാസങ്ങളായി സമരത്തിലാണ്. അതിനിടയില്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന സമരം അക്രമാസക്തമായി. സര്‍ക്കാര്‍ പക്ഷക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സമരത്തിന് വര്‍ധിച്ചുവരുന്ന പിന്തുണ സര്‍ക്കാരിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയും അറസ്റ്റുകള്‍ വ്യാപകമാക്കിയുമാണ് സമരത്തെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.


Tags:    

Similar News