കര്‍ഷകപ്രക്ഷോഭം: കേന്ദ്രസര്‍ക്കാര്‍ 'അന്നദാതാക്കളെ' പീഡിപ്പിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി

Update: 2021-03-06 07:00 GMT

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമത്തിനെതിരേ തെരുവില്‍ സമരം ചെയ്യുന്ന അന്നദാതാക്കളായ കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായാണ് സമരം ചെയ്യുന്നത്. അതിര്‍ത്തി കാക്കുന്നതിനുവേണ്ടി ജീവന്‍വെടിഞ്ഞവരുടെ പിതാക്കന്മാരെ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ആണികള്‍ തറച്ചിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

''അതിര്‍ത്തി കാക്കുന്നതിനുവേണ്ടി ജീവന്‍വെടിഞ്ഞവരുടെ പിതാക്കന്മാരെ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ആണികള്‍ തറച്ചിരിക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുന്ന കര്‍ഷകരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു''- രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരെ തടഞ്ഞുനിര്‍ത്താന്‍ ഡല്‍ഹി പോലിസ് വ്യാപകമായി റോഡില്‍ ആണികള്‍ തറച്ചിരുന്നു. അതിര്‍ത്തി മുള്ളവേലികളും ബാരിക്കേഡുകളും വച്ച് തടയുകയും ചെയ്തു.

കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന മൂന്ന് നിയമങ്ങള്‍ക്കെതിരേ നവംബര്‍ 26 മുതലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്. നിയമം നടപ്പാക്കുന്നത് ജനുവരിയില്‍ സുപ്രിംകോടതി താല്‍ക്കാലികമായി തടയുകയും ചെയ്തു.

Tags: