പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Update: 2022-09-19 16:38 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസ നേര്‍ന്ന ശേഷം കര്‍ഷകനായ ദശരഥ് എല്‍ കേദാരി എന്ന കര്‍ഷകന്‍ കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സെപ്തംബര്‍ 17നായിരുന്നു നരേന്ദ്ര മോദിയുടെ ജന്മദിനം. മഹാരാഷ്ട്രയിലെ ബാങ്കര്‍ഫട്ടയിലാണ് സംഭവം നടന്നത്. എട്ട് വര്‍ഷമായി അവിടെ കര്‍ഷകനാണ് അദ്ദേഹമെന്ന് സഹോദരിഭര്‍ത്താവ് അരവിന്ദ് വാഗ് മരെ പറഞ്ഞു.

'അന്ന്, അദ്ദേഹം വളരെ വിഷാദാവസ്ഥയിലാണെന്ന് തോന്നി, പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ്സ് നേര്‍ന്നശേഷം കുളത്തിലേക്ക് ചാടി ജീവനൊടുക്കി. ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെടുത്തു- അദ്ദേഹം പറഞ്ഞു.

ആത്മഹത്യുകുറിപ്പിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ചത്. തന്റെ മരണത്തിനു പിന്നില്‍ താങ്ങുവില ഉറപ്പുനല്‍കാത്ത സംസ്ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അതുണ്ടാക്കിയ കടം മൂലമാണ് ആത്മഹത്യയെന്നും എഴുതിയിട്ടുണ്ട്.

ഉള്ളിയുടെ വിലക്ക് താങ്ങുവില ഏര്‍പ്പെടുത്താതിരുന്നത് തന്നെ എങ്ങനെ ബാധിച്ചുവെന്നും ഇത് തക്കാളി കര്‍ഷകരെയും ബാധിച്ചതായും യഈ അടുത്തുണ്ടായ പ്രളയവും കൊവിഡ് മഹാമാരിയും തങ്ങളെ തകര്‍ത്തതായും ആരോപിച്ചു.

'നാം എന്തു ചെയ്യണം? മോദി സാഹേബ്, താങ്കള്‍ക്ക് നിങ്ങളെക്കുറിച്ച് മാത്രമാണ് ആശങ്ക. ഞങ്ങള്‍ ഭിക്ഷ യാചിക്കുകയല്ല, മറിച്ച് നമുക്ക് അര്‍ഹമായത് വേണ്ടേ? ഞങ്ങള്‍ക്ക് താങ്ങുവില നല്‍കണം. പലിശക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കര്‍ഷകരെപ്പോലെ ആരും റിസ്‌ക് എടുക്കുന്നില്ല. ഞങ്ങളുടെ പരാതികളുമായി ഞങ്ങള്‍ എങ്ങോട്ട് പോകും'.

'ഒരു കര്‍ഷകന്‍ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുന്നു, തുടര്‍ന്ന് ചിതയിലേക്ക് ചാടുന്നു. പക്ഷേ പ്രധാനമന്ത്രി 'ചീറ്റകളെ' രാജ്യത്തേക്ക് കൊണ്ടുവരുന്ന തിരക്കിലാണ്. ഇത് രാജ്യത്തെ പരിതാപകരമായ അവസ്ഥയാണ്'- ശിവസേന നേതാവ് ഡോ. മനീഷ കയാന്‍ഡെ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ കേദാരി കുടുംബത്തെ സന്ദര്‍ശിക്കണമെന്നും അല്ലെങ്കില്‍ അടുത്തയാഴ്ച പൂനെ സന്ദര്‍ശിക്കുമ്പോള്‍ മരിച്ച കര്‍ഷകരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News