കാര്‍ഷിക നിയമം; മാപ്പു പറഞ്ഞ് പ്രധാനമന്ത്രിയുടെ വിദേശത്തെ പ്രതിച്ഛായ നഷ്ടപ്പെടുത്തേണ്ടെന്ന് രാകേഷ് ടിക്കായത്ത്

Update: 2021-12-27 05:00 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പ് പറയേണ്ടെന്നും വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കാര്‍ഷിക നിയമത്തിനെതിരേ നടത്തിയ സമരം വിജയിച്ച് കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ടിക്കായത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്. 

'പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ വയലില്‍ സത്യസന്ധമായി കൃഷി ചെയ്‌തെങ്കിലും ഡല്‍ഹിയിലുള്ളവര്‍ ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല''- ടിക്കായത്ത് പറഞ്ഞു. 

കാര്‍ഷിക നിയമം താമസിയാതെ തിരികെക്കൊണ്ടുവരുമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തൊമാറിന്റെ പ്രസ്താവന കര്‍ഷകരെ കബളിപ്പിക്കാനും പ്രധാനമന്ത്രിയുടെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 

'ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നു, ചില ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പക്ഷേ സര്‍ക്കാര്‍ നിരാശരായില്ല, ഞങ്ങള്‍ ഒരു പടി പിന്നോട്ട് പോയി, ഞങ്ങള്‍ വീണ്ടും മുന്നോട്ട് പോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, നട്ടെല്ല് ശക്തിപ്പെടുത്തിയാല്‍ രാജ്യം കൂടുതല്‍ ശക്തമാകും'- നാഗ്പൂരില്‍ വച്ച് നടന്ന ഒരു സമ്മേളനത്തില്‍ കൃഷിമന്ത്രി തൊമര്‍ പറഞ്ഞു.

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് തൊമര്‍ പിന്നീട് ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം വീണ്ടും തിരികെക്കൊണ്ടുവരികയാണെങ്കില്‍  പിന്‍വലിച്ച സമരം വീണ്ടും ആരംഭിക്കുമെന്നും  ടിക്കായത്ത് പറഞ്ഞു.  

Tags:    

Similar News