യുപിയില്‍ മുസ് ലിം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി വേണമെന്ന് കുടുംബം; പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച
ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ മൂന്ന് മുസ് ലിം യുവാക്കളെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി വേണമെന്ന് കുടുംബം. ഇരകളുടെ കുടുംബം പില്‍ഖുവ പോലിസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. ചൊവാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വസീം, റിസ്വാന്‍, ആമിര്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ഇവരെ ഹിന്ദുത്വര്‍ തടഞ്ഞുവയ്ക്കുകയും പേരു ചോദിക്കുകയുമായിരുന്നു. പിന്നീട് ഇവരെ ഇരുമ്പുവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ഗാസിയാബാദിലെ കല്‍ചിന നിവാസിയായ വസീമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പില്‍ഖുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇയാളുടെ നില ഗുരുതരമാണ്. ദീപക്, നിഖില്‍, ജെജെ കാന്ത്, പങ്കജ് എന്നീവ പ്രതികള്‍ക്കെതിരേ കുടുംബം പരാതി നല്‍കി. 'അവര്‍ എന്റെ സഹോദരനെയും സുഹൃത്തുക്കളെയും തടഞ്ഞുനിര്‍ത്തി, അവരുടെ പേരുകള്‍ ചോദിച്ചു, തുടര്‍ന്ന് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ അവരെ ആക്രമിച്ചു. പോലിസ് അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു' വസീമിന്റെ സഹോദരന്‍ വ്യക്തമാക്കി.
ഇത്തരം ക്രൂരമായ ആക്രമണം നാട്ടില്‍ ഭീതി പരത്തിയിട്ടുണ്ടെന്നും അക്രമികളെ വേഗത്തില്‍ ശിക്ഷിച്ചില്ലെങ്കില്‍, അത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയേ ഉള്ളൂ എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇതുവരെയും സംഭവത്തില്‍ പ്രതികളെ പോലിസ് പിടിച്ചിട്ടില്ല.