കേസ് ഒത്തുതീര്‍പ്പ് വാഗ്ദാനം ചെയ്ത് 10.58 ലക്ഷം രൂപ വാങ്ങി; ബിജെപി ഓഫിസിന് മുന്നില്‍ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

Update: 2026-02-02 08:27 GMT

കോതമംഗലം: കേസ് ഒത്തുതീര്‍പ്പിന്റെ പേരില്‍ ബിജെപി നേതാക്കള്‍ കൈപ്പറ്റിയ പണം തിരികെ ആവശ്യപ്പെട്ട് ബിജെപി ഓഫിസിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി കുടുംബം. ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ട പരാതിയില്‍ ചേലാട് ആറ്റ്പുറം സ്വദേശി എഎം ജോര്‍ജിന്റെ മകന്‍ ഉള്‍പ്പെട്ട കേസ് തീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണനും സെക്രട്ടറി ടിഎസ് സുനിഷും പല ഘട്ടങ്ങളിലായി 10,58,000 രൂപ കൈപ്പറ്റിയിരുന്നു. പോലിസ് ഉദ്യോഗസ്ഥനായ സനല്‍ മുഖേനയാണ് ഈ തുക ബിജെപി നേതാക്കള്‍ക്ക് കൈമാറിയത്.

എന്നാല്‍ കേസ് തീര്‍പ്പാകാതിരിക്കെ വീണ്ടും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്, ജോര്‍ജ് നേരിട്ട് അഞ്ചു ലക്ഷം രൂപ കൂടി ചെലവഴിച്ചാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ നല്‍കണമെന്ന ആവശ്യവുമായി ജോര്‍ജ് ബന്ധപ്പെട്ട നേതാക്കളെ സമീപിച്ചു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ജനുവരി 16നു മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജോര്‍ജ് പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച രാവിലെ 10ഓടെ കൈയില്‍ പെട്രോളുമായി ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും ചേര്‍ന്ന് ബിജെപി ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രശ്‌നപരിഹാരത്തിനായി ബിജെപി നേതൃത്വവുമായി ജോര്‍ജിനെ ബന്ധിപ്പിച്ചതായി എല്‍ദോസ് വ്യക്തമാക്കി. കുടുംബം ഓഫിസിന് മുന്നിലെത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന ബിജെപി നേതാക്കള്‍ പോലിസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഓഫിസ് പരിസരത്ത് കാത്തിരുന്ന ജോര്‍ജിനെയും കുടുംബത്തെയും പോലിസ് എത്തി സ്‌റ്റേഷനിലേക്ക് മാറ്റി. സ്വന്തം സ്വത്തുക്കള്‍ പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും വലിയ തുക കണ്ടെത്തിയതെന്നും, മാസംതോറും അരലക്ഷത്തിലേറെ രൂപ പലിശ നല്‍കേണ്ട സാഹചര്യമാണെന്നും ജോര്‍ജ് പറഞ്ഞു. ഇതിന് ഇനി നിര്‍വാഹമില്ലാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: