രണ്ട് വര്‍ഷം മുമ്പ് മറവു ചെയ്ത മലയാളിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലെന്ന് വ്യാജ പ്രചാരണം

Update: 2021-02-22 12:35 GMT

ദമ്മാം: രണ്ട് വര്‍ഷം മുമ്പ് മറവു ചെയ്ത മലയാളിയുടെ മൃതദേഹം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ഖതീഫ് സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഈ മൃതദേഹം അനാഥമായി തുടരുന്നതായ തെറ്റായ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാസര്‍ക്കോട് നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞു മുഹമ്മദ് മകന്‍ ഹസൈനാരി (57) ന്‍െ മൃതദേഹം സംബന്ധിച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്. 2018 നവംബര്‍ 16നു ദമാം ഖബര്‍സ്ഥാനില്‍ മറവു ചെയ്തിരുന്നു. എന്നിട്ടും മോര്‍ച്ചറിയില്‍ ഏറ്റെടുക്കാനാളില്ലാതെ അനാഥമായി തുടരുന്നു എന്നാണ് ഫോട്ടോ സഹിതം പ്രചരിക്കുന്നത്.


22 വര്‍ഷമായി സൗദിയിലുണ്ടായിരുന്ന ഹസൈനാര്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരവെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബറിലാണ് മരിച്ചത്. പാസ്‌പോര്‍ട്ടിലും ഇഖാമയിലുമുള്ള തെറ്റായ പേരും വിലാസവും കാരണം മൂന്നു വര്‍ഷത്തോളം മൃതദേഹം ഖതീഫ് സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നു. നാട്ടില്‍ നിന്നുള്ള അനുമതി പത്രമടക്കമുള്ള രേഖകള്‍ക്കായി ശ്രമിക്കവെയാണ് പാസ്‌പോര്‍ട്ടിലും ഇഖാമയിലുമുള്ള വിവരങ്ങള്‍ രണ്ടാണെന്ന് കണ്ടെത്തിയത്. ഇതോടെ മൃതദേഹം മറവു ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ടാണ് മൃതദേഹം മറവു ചെയ്തത്.




Tags: