വ്യാജമദ്യ ദുരന്തം: ബിഹാറിലേക്ക് അന്വേഷണസംഘത്തെ അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-12-18 15:55 GMT

ന്യൂഡല്‍ഹി: വ്യാജമദ്യ ദുരന്തത്തില്‍ അന്വേഷണസംഘത്തെ ബിഹാറിലേക്ക് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ബിഹാര്‍ മദ്യദുരന്തത്തില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. മരിച്ചവര്‍ക്ക് പുറമേ 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ബിഹാറിലെ സരണ്‍ ജില്ലയില്‍ മാത്രം 74 മരണം റിപോര്‍ട്ട് ചെയ്തു. 30 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ വിവിധ ജില്ലകളില്‍ ഉയര്‍ന്നതോടെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും അനധികൃത മദ്യവില്‍പന സംബന്ധിച്ച് അന്വേഷണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിഷമദ്യം കുടിച്ച് മരിച്ചവരുടെ യഥാര്‍ഥ വിവരങ്ങള്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതാണെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു. അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട് 213 പേരാണ് ബിഹാറില്‍ അറസ്റ്റിലായത്. മദ്യദുരന്തത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പാര്‍ലമെന്റിലും പ്രതിഷേധമുയര്‍ത്തിയിരുന്നു.

Tags: