ഡോ. എസ് ക്യൂ ആര്‍ ഇല്യാസിനെതിരേ കള്ളക്കേസെടുക്കാനുള്ള നീക്കം പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമം: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-07-27 10:28 GMT

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് അടക്കമുളള പ്രക്ഷോഭ നേതാക്കള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ കള്ളക്കേസെടുക്കാനുള്ള ശ്രമത്തിലൂടെ ഡല്‍ഹി പോലിസ് നടപ്പാക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംഘപരിവാര്‍ കാര്‍മികത്വത്തില്‍ ഫെബ്രുവരി മാസം നടന്ന മുസ് ലിം വിരുദ്ധ വംശഹത്യയ്ക്കു പിന്നിലെ പ്രതികളായ സംഘപരിവാര്‍ നേതാക്കളെ രക്ഷപ്പെടുത്തി നിരപരാധികളെ വേട്ടയാടുന്നതിന്റെ ഭാഗമായി ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ കുറ്റപത്രത്തിലാണ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് അടക്കം വിവിധ രാഷ്ട്രീയ-സാമൂഹിക-വിദ്യാര്‍ത്ഥി നേതാക്കള്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തി എന്നുള്ളത്. കവിതാ കൃഷ്ണന്‍, മീരാന്‍ ഹൈദര്‍, അനുഷ്‌ക പോള്‍ തുടങ്ങിയവരുടെ പേരുകളും കെട്ടിച്ചമച്ച സാക്ഷി മൊഴിയിലുണ്ട്. ഇത്തരം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി കേസുകളെടുത്ത മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കള്ളക്കേസ് ചമയ്ക്കാനുള്ള ഡല്‍ഹി പോലിസിന്റെ നീക്കമാണിത് എന്ന് ഉറപ്പാണ്. 200ലേറെ പേരെ വ്യാജ കേസുകളില്‍പെടുത്തി ഇതിനകം ജയലഴിക്കുള്ളിലാക്കിയിട്ടുണ്ട്. അതില്‍ വിദ്യാര്‍ഥി നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഉണ്ട്.

    കൊവിഡ്19 കാരണമുള്ള സാമൂഹിക നിയന്ത്രണങ്ങളുടെ മറവില്‍ രാജ്യത്തെ ഏറ്റവും വലിയ സിവില്‍ മൂവ്‌മെന്റായ പൗരത്വ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഇത്തരം കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നതും പിന്നീട് കടുത്ത വകുപ്പുകള്‍ ചുമത്തി നേതാക്കളെ ജയിലിലടയ്ക്കുന്നതും. ജനാധിപത്യ വിശ്വാസികളും പൗരസമൂഹവും ഇതിനെതിരേ അണിനിരക്കണം. പൗരത്വ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കേരളം ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന വേട്ടയില്‍ മൗനം പാലിക്കരുത്. കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് കേരളീയ സമൂഹം തയ്യാറാവണം. ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് അടക്കമുള്ള പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ നടക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് കേരളത്തില്‍ പതിനായിരക്കണക്കിന് വീടുകളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Fake case against Dr. SQR Ilyas: Welfare Party against Delhi Police

Tags:    

Similar News