ശ്രീ സുധീന്ദ്ര-കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ഈമാസം 12ന്

12ന് ഉച്ചകഴിഞ്ഞ് 3.30ന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈമാസം 12ന് രാവിലെ 9 മുതല്‍ 12 വരെ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപ് ആശുപത്രിയില്‍ സംഘടിപ്പിക്കും.8113989056 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു

Update: 2022-03-08 13:50 GMT

കൊച്ചി: എറണാകുളം ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രം ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ കാര്‍ക്കിനോസ് കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കാന്‍സര്‍ വിഭാഗം ഈമാസം 12ന് ഉച്ചകഴിഞ്ഞ് 3.30ന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു,മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം ഐ ജുനൈദ് റഹ്മാന്‍, കാര്‍ക്കിനോസ് മെഡിക്കല്‍ ഡയറക്ടറും കേരള സിഇഒയുമായ ഡോ. മോനി അബ്രാഹം കുര്യാക്കോസ്,ഡോ.അജിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആശുപത്രിയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കാന്‍സര്‍ ചികിത്സ തുടങ്ങുന്നതെന്ന് മനോഹര്‍ പ്രഭു പറഞ്ഞു.

സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിരക്കില്‍ വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കാര്‍ക്കിനോസ് മെഡിക്കല്‍ ഡയറക്ടറും കേരള സിഇഒയുമായ ഡോ. മോനി അബ്രാഹം കുര്യാക്കോസ് പറഞ്ഞു.രോഗനിര്‍ണയം കൃത്യമാക്കുന്ന ഏറ്റവും മികച്ച പതോളജി ലബോറട്ടറി കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയില്‍ കലൂരില്‍ ആരംഭിക്കും. 60 കോടി രൂപ ചെലവിലാണ് ലബോറട്ടറി സ്ഥാപിക്കുന്നത്. മോളിക്കുലാര്‍ ടെസറ്റ് വഴി അത്യാധുനിക ചികില്‍സാ നിര്‍ണയം സാധ്യമാക്കുമെന്ന് പതോളജിസ്റ്റ് ഡോ.അജിത്ത് പറഞ്ഞു.സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈമാസം 12ന് രാവിലെ 9 മുതല്‍ 12 വരെ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപ് ആശുപത്രിയില്‍ സംഘടിപ്പിക്കും.

30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്തനപരിശോധനയും പുകയിലയും മദ്യപാനവും ശീലമുള്ള പുരുഷന്മാര്‍ക്ക് വായിലെ കാന്‍സര്‍ പരിശോധനയും നടത്തും. 8113989056 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു.പ്രാരംഭഘട്ടത്തില്‍ കാന്‍സര്‍ കണ്ടെത്തി ചികില്‍സയിലൂടെ രോഗമുക്തി ഉറപ്പാക്കുകയാണ് കാര്‍ക്കിനോസ് ലക്ഷ്യമിടുന്നതെന്ന് ഡോ. മോനി കുര്യാക്കോസ് പറഞ്ഞു. ഇതിനായി ക്യാംപുകള്‍ സംഘടിപ്പിക്കും. സ്ഥാപനങ്ങളുടെ സാമൂഹ്യസുരക്ഷാ ഫണ്ട് വിനിയോഗിച്ചും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: