മൂവാറ്റുപുഴ ആറിന്റെ തീര സംരക്ഷണത്തിനായി 2.27 കോടി

പ്രളയത്തില്‍ തകര്‍ന്നു പോയ സ്ഥലങ്ങള്‍ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാ സര്‍ക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തുക അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു

Update: 2021-06-17 07:03 GMT

കൊച്ചി: സംസ്ഥാ സര്‍ക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പിറവം നിയോജകമണ്ഡലത്തില്‍ മൂവാറ്റുപുഴ ആറിന്റെ കരകള്‍ സംരക്ഷിക്കുന്നതിനായി 2.27 കോടി രൂപയുടെ ഭരണാനുമതി നല്‍കി. പ്രളയത്തില്‍ തകര്‍ന്നു പോയ സ്ഥലങ്ങള്‍ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.

പിറവം മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 23ല്‍ തോറ്റമറ്റത്തില്‍ കടവിന് സമീപം മൂവാറ്റുപുഴ ആറിന്റെ വലത്ത് കര സംരക്ഷണത്തിന് 25 ലക്ഷം, രാമമംഗലം പഞ്ചായത്തില്‍ വാര്‍ഡ് ഒന്‍പതില്‍ മനയ്ക്കകാവിന് മുകളില്‍ ഇറുമ്പില്‍ ഭാഗത്ത് പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയില്‍ കക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമിന് സമീപം ഇടത് കര സംരക്ഷണത്തിനായി 15 ലക്ഷം.

പിറവം മുനിസിപ്പാലിറ്റിയില്‍ ഡിവിഷന്‍ ഒന്നില്‍ കക്കാട് ഫിഷര്‍മെന്‍ കോളനിക്ക് സമീപം പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 10 ലക്ഷം, ഡിവിഷന്‍ ഒന്നില്‍ സര്‍വ്വേ നമ്പര്‍ 601/54 ഭാഗം മൂവാറ്റുപുഴയുടെ ഇടത് കര സംരക്ഷണത്തിനായി 25 ലക്ഷവും അനുവദിച്ചു. രാമമംഗലം പഞ്ചായത്തില്‍ മുണ്ടിയാട്ടു കടവില്‍ പുഴയുടെ ഇടത് കര സംരക്ഷണത്തിനായി 20 ലക്ഷം, കോരന്‍കടവില്‍ മുകള്‍ഭാഗത്ത് 22.50 ലക്ഷം,

പിറവം മുനിസിപ്പാലിറ്റിയില്‍ ഡിവിഷന്‍ 19-ല്‍ ആറ്റുത്തീരം പാര്‍ക്കിന് എതിര്‍വശം തോട്ട ഭാഗത്ത് തീര സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 25 ലക്ഷവും അനുവദിച്ചു.മണീട് പഞ്ചായത്തില്‍ വാര്‍ഡ് മൂന്നില്‍ തൊണ്ടികടവില്‍ വലത് കര സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കു മായി 20 ലക്ഷം, മണീട് പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ മടക്കില്‍ ഭദ്രകാളി ക്ഷേത്രത്തിന്റെ സമീപം വലത് കര സംരക്ഷണത്തിന് 15 ലക്ഷം, പിറവം മുനിസിപ്പാലിറ്റിയില്‍ ഡിവിഷന്‍ 20-ല്‍ കളമ്പൂര്‍ പാലത്തിന്റെ മുകള്‍ ഭാഗം മൂവാറ്റുപുഴയുടെ വലത് കര സംരക്ഷിക്കുന്നതിന് 25 ലക്ഷം എന്നിങ്ങനെയാണ് തുകകള്‍ അനുവദിച്ചത്.

Tags:    

Similar News