കൊച്ചിയില്‍ നിന്ന് ദുബയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തിരിച്ചുപോന്നു
കൊച്ചി: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്ക് മേഖലയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം മധ്യവഴിയില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 4.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബയില്‍ ഇറങ്ങാന്‍ കഴിയാതെ രാവിലെ 8.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിയത്. യാത്രക്കാരെ താല്‍ക്കാലികമായി വീടുകളിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ തന്നെ ദുബയ് വിമാനത്താവളം അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നാണ് ഇന്ധന ടാങ്ക് പ്രദേശത്തിന് സമീപം തീപിടിത്തമുണ്ടായത്. ദുബയ് സിവിലേ# ഡിഫന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി ദുബയ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
