ഹൈഡ്രോളിക് സംവിധാനം തകരാറില്‍; നെടുമ്പാശ്ശേരിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

Update: 2022-12-02 15:24 GMT

കൊച്ചി: നെടുമ്പാശ്ശേിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദ- കോഴിക്കോട് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. കോഴിക്കോട് വിമാനം ഇറങ്ങാന്‍ കഴിയാതെ വന്നതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതെന്നാണ് നിഗമനം. മൂന്ന് തവണ ശ്രമിച്ചിട്ടും കോഴിക്കോട്ട് വിമാനമിറക്കാന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് 6.30ന് വിമാനം കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു.

വിമാനം കൊച്ചിയിലേക്ക് തിരിച്ചതോടെ നെടുമ്പാശേരിയില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും നെടുമ്പാശ്ശേരിയില്‍ ഒരുക്കി. ഇതോടെ മറ്റു വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും അനുമതി നിഷേധിച്ചിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 183 യാത്രക്കാരുമായെത്തിയ സ്‌പൈസ് ജെറ്റ് വിമാനം ഏഴരയോടെ കൊച്ചിയില്‍ സുരക്ഷിതമായി ഇറക്കി. പിന്നാലെ ഹൈ അലര്‍ട്ട് പിന്‍വലിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News