തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം അംഗീകരിച്ച് സിപിഐ. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി നിയോഗിക്കുന്ന സമിതികള്‍ക്ക് പകരം ജനങ്ങളില്‍ നിന്നുതന്നെ അഭിപ്രായങ്ങള്‍ തേടുന്ന പുതിയ സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐക്കും എല്‍ഡിഎഫിനും എന്തുകൊണ്ട് പരാജയം സംഭവിച്ചതെന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ട് കത്തെഴുതിയറിയിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
ജനവിധി ആദരപൂര്‍വം അംഗീകരിക്കുന്നുവെന്നും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തെറ്റുകള്‍ തിരുത്തി കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തുകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, സിപിഐ സംസ്ഥാന കൗണ്‍സില്‍, എം എന്‍ സ്മാരകം, തിരുവനന്തപുരം-14.
ഈമെയില്‍: office@cpikerala.org