മമതയ്‌ക്കെതിരേ ആക്രമണം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; മുഖ്യമന്ത്രിയുടെ മുഖ്യ സുരക്ഷാഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2021-03-14 17:02 GMT

കൊല്‍ക്കത്ത: മമതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആക്രമണം നടന്നിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്രമണം നടന്നതിന്റെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ട കമ്മീഷന്‍ ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും റിപോര്‍ട്ടുകള്‍ തള്ളുകയും ചെയ്തു.

ചീഫ് സെക്രട്ടറിയുടെയും മറ്റ് ഏജന്‍സികളുടെയും റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് കമ്മീഷന്‍ പറഞ്ഞു. അതേസമയം സുരക്ഷാവീഴ്ച ആരോപിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള ഐപിഎസ് ഓഫിസര്‍ വിവേക് സഹായെ തല്‍സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തു. മമതയുടെ കാലില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സഹായുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

നന്ദിഗ്രാമില്‍ മാര്‍ച്ച് 10ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മമതയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. ഇസഡ് പ്ലസ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതില്‍ ഉദ്യോഗസ്ഥനെതിരേ ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു.

പുര്‍ബി മേദിനിപൂരിലെ എസ്പി പ്രവീണ്‍ പ്രകാശിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നന്ദിഗ്രാം സംഭവത്തിന്റെ പേരില്‍ ജില്ലാ മജിസ്‌ട്രേറ്റിനെയും നീക്കം ചെയ്തിട്ടുണ്ട്. പകരം ഐഎഎസ് ഉദ്യോഗസ്ഥനായ സ്മിത പാണ്ഡെയെ നിയമിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. നന്ദിഗ്രാം കലട്കറെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടാത്ത തസ്തികയിലേക്ക് മാറ്റാന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

മുന്‍ ഡിജിപി അനില്‍കുമാര്‍ ശര്‍മയെ പ്രത്യേക നിരീക്ഷകനായി കമ്മീഷന്‍ നിയോഗിച്ചു.

മമതയ്ക്ക് ആക്രമണത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വീല്‍ചെയറിലാണ് മമത പ്രചാരണം നടത്തുന്നത്.

294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് മാര്‍ച്ച് 27 മുതലാണ് എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2ന് ഫലംപ്രഖ്യാപിക്കും.

Tags: