താനൂർ, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിൽ കൂടി ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി
താനൂർ: താനൂർ, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിൽ കൂടി ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. താനൂരിൽ ടി മുഹമ്മദ് സമീറും വള്ളിക്കുന്നിൽ സി പി മുസ്തഫ യും കാസർകോട് ഷാനവാസ് പാദൂറും സ്വതന്ത്രരായി മൽസരിക്കാനാണ് തീരുമാനം.
കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി അബ്ദുറഹിമാൻ വിജയിച്ച മണ്ഡലമാണ് താനൂർ. മുസ്‌ലിംലീഗിൽ നിന്നാണ് അബ്ദുറഹിമാൻ സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ അബ്ദുറഹിമാൻ താനൂരിൽ മൽസരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരൂരിൽ മൽസരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.തുടർന്ന് അദ്ദേഹത്തെ തിരൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വള്ളിക്കുന്നിലെ സ്ഥാനാർഥിയായ സി പി മുസ്തഫ അഭിഭാഷകനും മൂന്നിയൂർ സ്വദേശിയുമാണ്. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥി ഷാനവാസ് പാദൂർ മുൻ കോൺഗ്രസ് നേതാവാണ്.
എൽഡിഎഫിൽ ഐഎൻഎൽ സ്ഥാനാർഥികളാണ് വള്ളിക്കുന്നിലും കാസർകോടും മൽസരിച്ചിരുന്നത്.
എംഎസ്എസ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസാണ് താനൂരിൽ യുഡിഎഫ് രംഗത്തിറക്കുന്നത്. വള്ളിക്കുന്നിൽ ടി വി ഇബ്രാഹിമും കാസർകോട് കല്ലട്ര മായിൻ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാർഥികളായി മൽസരിക്കുന്നത്.