ത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ

Update: 2025-06-30 05:58 GMT

മുംബൈ: 'ത്രിഭാഷാ നയം' നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര സംസ്ഥാന മന്ത്രിസഭ. ഇതോടെ ത്രിഭാഷാ നയത്തിനെതിരേ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്), ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) എന്നിവർ ജൂലൈ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് റദ്ദാക്കിയതായി അറിയിച്ചു.

മറാത്തി , ഇംഗ്ലീഷ്മീഡിയം സ്കൂളുകളിൽ പഠിക്കുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി  ഏപ്രിൽ 16 നാണ് മഹാരാഷ്ട്ര സർക്കാർ   പ്രമേയം പാസാക്കിയത്.

ഇതിനെതിരേ ശക്തമായ എതിർപ്പുകൾ വന്നതോടെ ഹിന്ദിയെ ഒരു ഓപ്ഷണൽ ഭാഷയാക്കി സർക്കാർ പ്രമേയം ഭേദഗതി ചെയ്തു. ഹിന്ദിയല്ലാതെ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അത് പഠിക്കാനുള്ള ഓപ്ഷൻ നൽകുകയും ചെയ്തു.

പ്രൈമറി സ്കൂൾ തലത്തിൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020 ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിനേ തുടർന്ന് മന്ത്രിസഭ തീരുമാനം മാറ്റുകയായിരുന്നു.

Tags: