എടക്കര മാവോവാദി കേസ്: എന്‍ഐഎ 20 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

Update: 2021-10-12 07:01 GMT

 ന്യൂഡല്‍ഹി: എടക്കരയില്‍ സായുധ പരിശീലന കാംപ് നടത്തിയെന്ന കേസില്‍ എന്‍ഐഎ മൂന്ന് സംസ്ഥാനങ്ങളിലായി 20 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തിയത്.

സിപിഐ (മാവോവാദി) അംഗങ്ങള്‍ 2016ല്‍ എടക്കരയില്‍ പരിശീലന ക്യാംപ് നടത്തിയെന്നാണ് കേസ്. ക്യാംപില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസ്സുകളും നടന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എഫ്‌ഐആറില്‍ പറയുന്ന പശീലനകേന്ദ്രം. സിപിഐ (മാവോവാദി)യുടെ രൂപീകരണത്തോടനുബന്ധിച്ചായിരുന്നു ക്യാംപ്  സംഘടിപ്പിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ഈ വര്‍ഷം ആഗസ്റ്റ് 20നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കേസുകള്‍ റി-രജിസ്റ്റര്‍ ചെയ്തു. യുഎപിഎ, ആംസ് ആക്റ്റ്, ഐപിസിയിലെ വിവിധ വകുപ്പുകള്‍ എന്നിവയും ചുമത്തി.

മലപ്പുറം ജില്ലയിലെ എടക്കരയില്‍ 2017 സപ്തംബര്‍ 30നാണ് 19 പേര്‍ക്കെതിരേ കേരള പോലിസ് കേസെടുത്തത്. പിന്നീട് കഴിഞ്ഞ വര്‍ഷം അത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കൈമാറി. എടിഎസ്സില്‍ നിന്നും കേസ് ഏറ്റെടുക്കാന്‍ സെപ്തംബര്‍ 12ന് എന്‍ഐഎക്ക്  ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 

Tags: