കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇഡി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 5,158 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇഡി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 5,158 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ശിക്ഷാവിധിയുണ്ടായ കേസുകള്‍ 94.82 ശതമാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ കണക്കുകള്‍ രേഖാമൂലം സമര്‍പ്പിച്ചത്. 2020 മുതല്‍ ഇതുവരെ 5,158 എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്.
''സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ഇഡി സൂക്ഷിക്കുന്നില്ല. 2020-21 വര്‍ഷത്തില്‍ 996 കേസുകളും, 2021-22ല്‍ 1,116 കേസുകളും, 2022-23ല്‍ 953 കേസുകളും, 2023-24ല്‍ 698 കേസുകളും, 2024-25ല്‍ 775 കേസുകളും, 2025-26ല്‍ 620 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടു,'' അദ്ദേഹം പറഞ്ഞു.
2020-21 മുതല്‍ 43 കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇതില്‍ 104 പ്രതികള്‍ പിഎംഎല്‍എ പ്രകാരം ശിക്ഷിക്കപ്പെട്ടതായും ചൗധരി പറഞ്ഞു.