ലൈംഗിക പരാമര്‍ശം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരേ വിശദ റിപോര്‍ട്ട് ആവശ്യപ്പെട്ടു

Update: 2020-10-20 01:34 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ ഒരു വനിതാ മന്ത്രിക്കെതിരേ ലൈംഗികപരാമര്‍ശനം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയില്‍ നിന്ന് കേന്ദ്ര കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കഴിഞ്ഞ ദിവസം ദബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് കമല്‍നാഥ് 'ഐറ്റം' എന്ന് വിശേഷിപ്പിച്ച് വനിതാ മന്ത്രി ഇമ്രതി ദേവിയെ അപമാനിച്ചത്. കമല്‍നാഥ് ഐറ്റം എന്ന വാക്ക് ഉപയോഗിച്ചിരുന്നെങ്കിലും മന്ത്രിയുടെ പേര് പറഞ്ഞില്ല, പകരം അനുയായികളെക്കൊണ്ട് പറയിക്കുകയായിരുന്നു.

ദബ്ര നിയമോജകമണ്ഡലത്തില്‍ നിന്ന് ഇമ്രതി ദേവി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് കമല്‍നാഥ് മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ചത്. സുരേഷ് രാജെയാണ് ഇവിടെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി.

കമല്‍നാഥിന്റെ മോശം പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും രംഗത്തുവന്നു. കമല്‍നാഥിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇത്തരം പരാമര്‍ശത്തിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്.

Tags: