സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ടൈംലൈനായി; നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2020-09-12 04:00 GMT

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് കേസ് ചുമത്തപ്പെട്ടവര്‍ അതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധപ്പെടുത്തണം. അതിന്റെ ടൈംലൈനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. പഴയ ടൈംലൈനില്‍ പരസ്യപ്പെടുത്തലുകളുടെ എണ്ണം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ ടൈംലൈന്‍ അനുസരിച്ച് സ്ഥാനാര്‍ത്ഥികളും അവരെ മല്‍സരിപ്പിക്കുന്ന പാര്‍ട്ടികളും പത്രങ്ങളിലും ടെലിനിഷനിലും ഇക്കാര്യം പ്രസിദ്ധപ്പെടുത്തണം. ആദ്യ പരസ്യം നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന ദിവസത്തിന് ആദ്യ നാല് ദിവസത്തിനുള്ളിലും രണ്ടാം പരസ്യം പിന്‍വലിക്കാനുള്ള അവസാന തിയ്യതിയുടെ 5-8 ദിവസത്തിനുള്ളിലും മൂന്നാം പരസ്യം ക്യാമ്പയിന്‍ അവസാനിക്കുന്നതിന് 9 ദിവസത്തിനും അവസാന ദിവസത്തിനിടയിലും പ്രസിദ്ധീകരിക്കണം.

പരസ്യം സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല, അവരെ നാമനിര്‍ദേശം ചെയ്യുന്നവരും പ്രസിദ്ധീകരിക്കണം.

2018 സെപ്തംബര്‍ ഒമ്പതിലെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഇത് തിരഞ്ഞെടുപ്പിന് 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. 

Tags: