മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് മര്‍ദ്ദനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കെഎസ്‌യു നേതാവ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

Update: 2022-06-13 16:09 GMT

കണ്ണൂര്‍: ജില്ലയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധസൂചകമായി കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കെഎസ്‌യു നേതാവ് പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ നേതാക്കളായ നിധീഷ്, ആല്‍ഫ്രഡ്, റംസിന്‍ എന്നിവര്‍ക്കെതിരേയാണ് കെഎസ്‌യു കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയ്ക്ക് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐക്കാര്‍ കൂട്ടമായി ചേര്‍ന്ന് മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും മര്‍ദ്ദിച്ചെന്ന് ഫര്‍ഹാന്‍ പരാതിയില്‍ പറയുന്നു.

ഈ സമയം പോലിസ് തന്നെ ജീപ്പിലേക്ക് ബലമായി തള്ളി. ജീപ്പിന്റെ താഴ്ത്തിവച്ച ഗ്ലാസിലൂടെ കൈ കടത്തി ഡിവൈഎഫ്‌ഐ നേതാവായ റംസില്‍ തന്നെ പിണറായിക്കെതിരേ മുദ്രാവാക്യം വിളിക്കുമോയെന്ന് ചോദിച്ച് വളപോലുള്ള ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലിസ് ജീപ്പിനുള്ളില്‍ വച്ചുണ്ടായ ആക്രമണം താന്‍ തടുത്തില്ലായിരുന്നുവെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് താന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News