ശ്രീരാമന്റെ പേരിലുള്ള ആക്രമണങ്ങള്‍: മതവികാരം വ്രണപ്പെടുത്തുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം- ഡിവൈഎഫ്‌ഐ

ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്കെന്നും രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Update: 2019-07-30 15:48 GMT

കോഴിക്കോട്: ശ്രീരാമന്റെ പേരു പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യ വ്യാപകമായി ഹിന്ദുത്വര്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ. ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്കെന്നും രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ശ്രീരാമന്റെ പേരില്‍ ആക്രമണം നടത്തുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ബാലനെ ചുട്ടുകൊന്നു.ദിനംപ്രതി ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്ന ബിജെപി നേതാക്കളെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതി ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ സ്‌പോണ്‍സര്‍ പ്രായോജകരായ ക്രിമിനല്‍ സംഘങ്ങള്‍ ഉത്തരേന്ത്യയിലാകെ ഭീതി പടര്‍ത്തി കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും റിയാസ് ആരോപിച്ചു. സംസ്ഥാന ഭരണകൂടങ്ങളും പോലിസ് സംവിധാനങ്ങളും ഈ അക്രമ പരമ്പരയ്ക്ക് കൂട്ടു നില്‍ക്കുന്ന അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്. ഇന്ത്യയുടെ യശസ്സ് തകര്‍ക്കുന്ന ആള്‍ക്കൂട്ട കൊലപാതക പരമ്പരകള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രക്ഷോഭമുയര്‍ത്തി കൊണ്ടുവരാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചതായും റിയാസ് അറിയിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ 2017ല്‍ തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ ശക്തമായ നിയമ നിര്‍മാണം നടത്താന്‍ എല്ലാ നടപടികളും ഡിവൈഎഫ്‌ഐ കൈക്കൊള്ളുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News